പത്തനംതിട്ട: ഭക്തിയും ആവേശവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കമായി. പാർത്ഥസാരഥിക്ക് മുന്നിൽ ജലരാജാക്കൻമാർ അണിനിരന്ന ജലഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കൂടിയായ ഇന്ന് രാവിലെ ഒമ്പതിന് ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപം സത്രപവിലിയനിലെത്തി. തുടർന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തി. പമ്പയുടെ ഓളപ്പരപ്പിൽ പള്ളിയോടങ്ങൾ കുതിച്ചെത്തിയതോടെ മത്സര വള്ളംകളിക്കും തുടക്കമായി. 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണുള്ളത്. ആദ്യം ബി ബാച്ച് മത്സരങ്ങളും പിന്നാലെ എ ബാച്ച് മത്സരങ്ങളും നടക്കും. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. എ, ബി ബാച്ചുകളിലെ ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫി സമ്മാനിക്കും. മികച്ച രീതിയിൽ പാടി തുഴയുന്ന ടീമിന് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും.